National
ന്യൂഡൽഹി: ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഡൽഹിയിലെത്തി. വ്യാഴാഴ്ച വൈകുന്നേരം 6.35ന് ഡൽഹിയിലെ പാലം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ പുടിനെ സ്വീകരിക്കാൻ പ്രോട്ടോക്കോൾ മറികടന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി.
ഇരുകൈകളും നീട്ടി ഹ്രസ്വമായ ആലിംഗനത്തോടെയാണ് പുടിനെ മോദി സ്വീകരിച്ചത്. ഇരുവരും ഒരേകാറില്‍ ഒരുമിച്ചാണ് പുടിന്റെ താമസസ്ഥലത്തേക്ക് പോയത്. റഷ്യ-യുക്രെയ്ന് യുദ്ധം ആരംഭിച്ച ശേഷം നടക്കുന്ന ആദ്യ സന്ദര്‍ശനം കൂടിയാണിത്. പുടിനുവേണ്ടി ഇന്ന് രാത്രി പ്രധാനമന്ത്രി അത്താഴ വിരുന്ന് ഒരുക്കിയിട്ടുണ്ട്.
വെള്ളിയാഴ്ചയാണ് പുടിന്റെ ഔദ്യോഗിക പരിപാടികൾ ആരംഭിക്കുന്നത്. രാവിലെ 11 ന് രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലി അർപ്പിച്ച ശേഷം ഹൈദരാബാദ് ഹൗസിലേക്ക് പോകും. അവിടെയായിരിക്കും പ്രധാനപ്പെട്ട ഉഭയകക്ഷി ചർച്ചകൾ നടക്കുക.
സെൻട്രൽ ബാങ്ക് ഗവർണർ എൽവിറ നബിയുള്ളിന ഉൾപ്പടെ ഒമ്പത് കാബിനറ്റ് മന്ത്രിമാരും പുടിനൊപ്പം ചർച്ചയിൽ പങ്കാളികളാകും. ഒട്ടേറെ പ്രതിരോധ, വ്യാപാര കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Kerala
ന്യൂഡൽഹി : റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ സന്ദർശന വേളയിൽ ആയുധ കരാറുകൾ ഉണ്ടാവില്ലെന്ന് സൂചന. വാർഷിക ഉച്ചകോടിയിൽ കരാറുകളിൽ ഒപ്പിടാറില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. സുഖോയ് 57, എസ് 400 എന്നിവയിൽ ചർച്ച നടക്കുമെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു.
റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി തീരുമാനിക്കുന്നത് കമ്പനികൾ ആണെന്നിരിക്കെ ഇക്കാര്യത്തിൽ കൂടുതൽ ചർച്ചയുണ്ടാവില്ല. റഷ്യയിൽ നിന്ന് കൂടുതൽ രാസവളം ഇറക്കുമതി ചെയ്യാൻ സാധ്യതയുണ്ട്. കൂടംകുളത്തെ എല്ലാ റിയാക്ടറുകളും പൂർത്തിയാക്കുന്നതിൽ ചർച്ച നടക്കും.
റഷ്യൻ സേനയിൽ റിക്രൂട്ട് ചെയ്ത എല്ലാവരെയും തിരിച്ചയക്കാമെന്ന് റഷ്യ അറിയിച്ചിട്ടുണ്ടെന്നും സർക്കാർ വൃത്തങ്ങൾ പറഞ്ഞു. വ്യാഴാഴ്ച വൈകുന്നേരം പുടിൻ ഡൽഹിയിലെത്തും.
International
ജോഹന്നാസ്ബർഗ്: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്ന് ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. സമ്പൂർണ ഐക്യത്തോടെയുള്ള പ്രവർത്തനമാണ് ഭീകരവാദത്തിനെതിരെ ആവശ്യമെന്നും ജി20 ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു.
യുഎൻ രക്ഷാസമിതിയിൽ കാലാനുസൃതമായിട്ടുള്ള പരിഷ്കരണം അനിവാര്യമാണെന്നും മോദി ആവർത്തിച്ചു. യുഎൻ അടക്കമുള്ള ആഗോള സ്ഥാപനങ്ങൾ 21-ാം നൂറ്റാണ്ടിലെ യാഥാർത്ഥ്യങ്ങളിൽ നിന്നും വളരെ അകലെയാണെന്നും മോദി ചൂണ്ടിക്കാട്ടി.
ബ്രസീലുമായും ദക്ഷിണാഫ്രിക്കയുമായും സാങ്കേതിക വിദ്യാ കൈമാറ്റത്തിന് സംവിധാനം വേണമെന്നും മോദി നിർദേശിച്ചു. അടുത്ത വർഷം ഇന്ത്യയിൽ സംഘടിപ്പിക്കുന്ന എഐ ഇംപാക്ട് ഉച്ചകോടിയിലേക്ക് മോദി നേതാക്കളെ ക്ഷണിച്ചു.
International
ജൊഹാനസ്ബർഗ്: ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെത്തി. വൈകുന്നേരം അഞ്ചരയ്ക്ക് ദക്ഷിണാഫ്രിക്കയിലെത്തിയ മോദിക്ക് ഇന്ത്യൻ സമൂഹം വൻ സ്വീകരണം നൽകി.
ഈജിപ്തിൽ നടന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിൽ നിന്നും മലേഷ്യയിലെ ആസിയാൻ ഉച്ചകോടിയിൽ നിന്നും നരേന്ദ്ര മോദി മാറി നിന്നിരുന്നു. ഉച്ചകോടിയില്‍ നിന്ന് മോദി മാറി നിന്നത് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ച ഒഴിവാക്കാനാണെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
ഇന്ത്യ പാക്കിസ്ഥാൻ യുദ്ധം നിറുത്തിയത് താനാണെന്ന് സൗദി കിരീടാവകാശി പങ്കെടുത്ത യോഗത്തിലും ഡോണൾഡ് ട്രംപ് അവകാശപ്പെട്ടിരുന്നു. മോദി തന്നെ വിളിച്ച് യുദ്ധം നിറുത്തിയെന്ന് നേരിട്ടറിയിച്ചു എന്നാണ് ട്രംപിന്റെ പുതിയ വാദം.
National
പാറ്റ്ന: ബിഹാർ മുഖ്യമന്ത്രിയായി നിതീഷ്കുമാർ ഇന്നു സത്യപ്രതിജ്ഞ ചെയ്യും. പാറ്റ് ഗാന്ധി മൈതാനിയിൽ ഇന്നു രാവിലെ 11നാണു സത്യപ്രതിജ്ഞ.
പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ സത്യപ്രതിജ്ഞയ്ക്ക് എത്തും. പത്താം തവണയാണ് നിതീഷ്കുമാർ മുഖ്യമന്ത്രിയാകുന്നത്. ഇന്നലെ എൻഡിഎ നേതാവായി നിതീഷ്കുമാറിനെ തെരഞ്ഞെടുത്തു. 243 അംഗ നിയമസഭയിൽ 202 അംഗങ്ങളാണ് എൻഡിഎയ്ക്കുള്ളത്.
ജെഡി-യു നിയമസഭാ കക്ഷി നേതാവായും ഇന്നലെ നിതീഷ്കുമാറിനെ തെരഞ്ഞെടുത്തു. സമ്രാട്ട് ചൗധരിയാണ് ബിജെപി നിയമസഭാ കക്ഷി നേതാവ്. ഇദ്ദേഹം ഉപമുഖ്യമന്ത്രിയാകും. വിജയ്കുമാർ സിൻഹയാണ് ബിജെപി നിയമസഭാ കക്ഷി ഉപനേതാവ്.
National
ന്യൂഡൽഹി: ബിഹാർ തെരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകുന്നേരം ആറിന് രാജ്യത്തെ അഭിസംബോധന ചെയ്യും. ബിജെപിയും ജെഡിയുവും മിന്നും പ്രകടനം തുടരുമ്പോൾ എൻഡിഎ സഖ്യം 203 സീറ്റിലാണ് ലീഡു ചെയ്യുന്നത്.
പ്രതിപക്ഷ ഇന്ത്യാ സഖ്യം വെറും 33 സീറ്റിൽ മാത്രമാണ് മുന്നിൽ. പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിക്ക് ഒരു ചലനമുണ്ടാക്കാനുമായില്ല. മോദി നിതീഷ് ദ്വയത്തില്‍ കറങ്ങിതിരിഞ്ഞ ബിഹാറിലെ പോരാട്ടത്തെ ചെറുക്കാന്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും കഴിഞ്ഞില്ല.
രാഘോപുരിൽ തേജസ്വി യാദവ് നിലവിൽ 4000ത്തിലേറെ വോട്ടുകൾക്ക് പിന്നിലാണ്. കേന്ദ്രത്തില്‍ തനിച്ച് ഭൂരിപക്ഷമില്ലാത്തതിനാല്‍ ബിഹാറിലെ ജയം ബിജെപിക്ക് അനിവാര്യമായിരുന്നു.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആദ്യ മണിക്കൂർ പിന്നിടുമ്പോൾ എൻഡിഎ ബഹുദൂരം മുന്നിൽ. നിലവിലെ സൂചനപ്രകാരം എൻഡിഎ 160 സീറ്റിലും ഇന്ത്യാ സഖ്യം 60 സീറ്റിലും മുന്നേറ്റം നടത്തുകയാണ്.
മഹാസഖ്യത്തിൽ ആർജെഡി മാത്രമാണ് പിടിച്ചു നിൽക്കുന്നത്. കോൺഗ്രസും ഇടതുപാർട്ടികളും പിന്നോട്ടു പോയതാണ് അവർക്ക് തിരിച്ചടിയായത്. നിലവിൽ ഇടതുപാർട്ടികൾക്ക് രണ്ടു സീറ്റിൽ മാത്രമാണ് മുന്നേറ്റം നടത്താൻ കഴിയുന്നത്. കഴിഞ്ഞ തവണ ഇടതു പക്ഷത്തിന് 12 സീറ്റിൽ വിജയിക്കാൻ കഴിഞ്ഞിരുന്നു.
29 സീറ്റിൽ മത്സരിച്ച ചിരാഗ് പാസ്വാന്റെ പാർട്ടി ഒരു സീറ്റിൽ മാത്രമാണ് മുന്നിട്ടുനിൽക്കുന്നത്. ബിജെപിയും ജെഡിയും പാലംവലിച്ചതാണെന്ന ആക്ഷേപം സമൂഹമാധ്യമങ്ങളിൽ ഉയരുന്നുണ്ട്. നിതീഷ് കുമാറും ചിരാഗ് പാസ്വാനും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജെഡിയുവിന്റെ സ്ഥാനാർഥികളെ ചിരാഗ് പാസ്വാൻ തെരഞ്ഞുപിടിച്ചു പരാജയപ്പെടുത്തിയിരുന്നു.
National
ന്യൂഡൽഹി: രാജ്യത്തിന്റെ നെഞ്ചുലച്ച ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്നും നിർണായക യോഗം. ഭൂട്ടാൻ സന്ദർശനം പൂർത്തിയാക്കി ഇന്നു തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മന്ത്രിതല സുരക്ഷാ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.
സ്ഫോടനത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രണ്ടു തവണയാണ് ഉന്നതതല സമിതി യോഗം ചേർന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഐബി ഡയറക്ടർ തപൻ ദേക, ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച, എൻഐഎ ഡയറക്ടർ ജനറൽ സദാനന്ദ് വസന്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കാഷ്മീർ ഡിജിപി നളിൻ പ്രഭാത് വീഡിയോ കോണ്‍ഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു.
ഉന്നതതല യോഗത്തിനു ശേഷം അന്വേഷണച്ചുമതല ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) കൈമാറിയിരുന്നു. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കുറ്റവാളികളെയും വേട്ടയാടാൻ മുതിർന്ന ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി യോഗത്തിനുശേഷം അമിത് ഷാ അറിയിച്ചു. ഭീകരാക്രമണത്തിനുള്ള സാധ്യത സർക്കാർ ഉറപ്പിക്കുന്നുവെന്ന സൂചനയാണ് കേസ് എൻഐഎക്കു കൈമാറുന്നതിൽനിന്നും വ്യക്തമാകുന്നത്.
സ്ഫോടനത്തിൽ 12 പേർ മരിച്ചതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. മരിച്ചവരിൽ എട്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മരിച്ചവരിൽ ഏറെയും ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി സ്വദേശികളാണ്. പരിക്കേറ്റ 24 പേർ ചികിത്സയിലാണ്.
National
പാറ്റ്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ എക്സിറ്റ് പോൾ ഫലങ്ങളിൽ എൻഡിഎയ്ക്ക് മുന്നേറ്റം. പീപ്പിൾസ് പൾസിന്റെ എക്സിറ്റ് പോളിൽ 133 -159 സീറ്റുകൾ എൻഡിഎ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ സഖ്യം 75-101 സീറ്റുകൾ നേടും. മറ്റുള്ളവർ രണ്ടു മുതൽ അഞ്ചുവരെ സീറ്റ് നേടും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് 32% ജനങ്ങൾ പിന്തുണയ്ക്കുന്നത് തേജസ്വി യാദവിനെയാണെന്നും സർവേയിൽ പറയുന്നു. മാട്രിസ് സർവേ പ്രകാരം എൻഡിഎ 147-167 സീറ്റുകൾ നേടുമെന്നും ഇന്ത്യാ സഖ്യം 70-90 വരെ സീറ്റുകളും മറ്റുള്ളവർ 2-6 സീറ്റുകളും നേടുമെന്നും പ്രവചിക്കുന്നു.
ന്യൂസ് 18 മെഗാ പോൾ പ്രകാരം എൻഡിഎ 60 - 70 വരെ സീറ്റുകളും ഇന്ത്യാ സഖ്യം 45 - 55 വരെ സീറ്റുകളും നേടുമെന്ന് പ്രവചിക്കുന്നു. ദൈനിക് ഭാസ്കറിന്റെ സർവേ പ്രകാരം എൻഡിഎ145 -160, ഇന്ത്യാ സഖ്യം 73-91, മറ്റുള്ളവർ 5-10 സീറ്റുകൾ നേടും.
പീപ്പിൾസ് ഇൻസൈറ്റ് എക്സിറ്റ് പോളിൽ എൻഡിഎ 133-148 സീറ്റുകൾ നേടും. ഇന്ത്യാ സഖ്യത്തിന് 87 മുതൽ 102 വരെയും ജൻ സുരാജിന് പരമാവധി രണ്ടു സീറ്റും മറ്റുള്ളവർക്ക് മൂന്നു മുതൽ ആറു സീറ്റുമാണ് പ്രവചിക്കുന്നത്.
ടൈംസ് നൗ-ജെവിസി സർവേ പ്രകാരം എൻഡിഎ 135 മുതൽ 150 സീറ്റുവരെ നേടും. ഇന്ത്യാ സഖ്യം 88 മുതൽ 103 സീറ്റുവരെ നേടുമെന്നാണ് പ്രവചനം. എൻഡിഎക്ക് 130 മുതൽ 138 സീറ്റുവരെ ലഭിക്കുമെന്നാണ് ചാണക്യ സ്ട്രാറ്റജീസ് പ്രവചനം.
ഇന്ത്യാ സഖ്യം 100 മുതൽ 108 സീറ്റുവരെ നേടുമെന്നും മറ്റുള്ളവർ മൂന്നുമുതൽ ഏഴുവരെ സീറ്റ് നേടുമെന്നും പ്രവചിക്കുന്നു.
National
ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവം ഉള്ളുലയ്ക്കുന്നതാണ്. ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നു. തിങ്കളാഴ്ച രാത്രി മുഴുവൻ സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണ ഏജൻസികള്‍ ആഴത്തിൽ പരിശോധിക്കും. ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. ഭൂട്ടാൻ സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
International
വാഷിംഗ്ടണ്‍ ഡിസി: വ്യാപാര ചര്‍ച്ചകള്‍ തുടരവെ അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കുമെന്ന സൂചന നല്കി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ വളരെ അടുത്ത സുഹ്യത്താണെന്നും മഹാനായ വ്യക്തിയാണെന്നും ട്രംപ് പുകഴ്ത്തി. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
മോദിയുമായുളള ചര്‍ച്ചകളില്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച ട്രംപ് ഇന്ത്യ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ചെറിയ തോതില്‍ എങ്കിലും കുറച്ചത് അമേരിക്കന്‍ സമ്മർദ്ദം കാരണമാണെന്നും ആവര്‍ത്തിച്ചു.
തന്റെ വളരെ നല്ല സുഹ്യത്താണ് മോദി. തങ്ങള്‍ സംസാരിക്കാറുണ്ട്. ഞാന്‍ അവിടേക്ക് ചെല്ലണമെന്ന് അദ്ദേഹം ആഗ്രഹിക്കുന്നുണ്ട്. തങ്ങള്‍ അക്കാര്യത്തില്‍ തീരുമാനമുണ്ടാക്കും. താന്‍ പോയേക്കുമെന്നും ട്രംപ് പറഞ്ഞു. മോദിയുമായുള്ള ചര്‍ച്ചകള്‍ നല്ലരീതിയില്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലേക്ക് അടുത്തവർഷം സന്ദര്‍ശനം നടത്താന്‍ ഉദ്ദേശിക്കുന്നുണ്ടോയെന്ന ചോദ്യത്തിന്, പോകാൻ സാധ്യതയുണ്ട് എന്നായിരുന്നു ട്രംപിന്റെ മറുപടി.
Sports
ന്യൂഡൽഹി: വനിതാ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യൻ താരങ്ങള്‍ക്ക് വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് താരങ്ങൾക്ക് വിരുന്നൊരുക്കിയത്.
ലോകകപ്പ് ട്രോഫിയുമായി പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ക്യാപ്റ്റൻ ഹർമൻ പ്രീത് കൗർ പറഞ്ഞു. 2017ലെ വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ട് തിരിച്ചെത്തിയപ്പോഴും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയകാര്യം ക്യാപ്റ്റൻ ഹര്‍മന്‍പ്രീത് കൗര്‍ ഓര്‍ത്തെടുത്തു.
അന്ന് കിരീടമില്ലാതെ ആയിരുന്നു ഞങ്ങള്‍ പ്രധാനമന്ത്രിയെ കണ്ടത്. എന്നാലിന്ന് കിരീടവുമായാണ് പ്രധാനമന്ത്രിയെ കണ്ടത്. ഇത്തരം കൂടിക്കാഴ്ചകള്‍ ഇടക്കിടെ സംഭവിക്കട്ടെ എന്നാണ് ടീം ആഗ്രഹിക്കുന്നതെന്നും ഹര്‍മന്‍പ്രീത് പറഞ്ഞു.
ഞായറാഴ്ച മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടന്ന കിരീടപ്പോരില്‍ ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഇന്ത്യ ഏകദിന ലോകകപ്പില്‍ ആദ്യമായി കിരീടം നേടിയത്.
National
ന്യൂഡൽഹി: സീറോ മലബാർ സഭാ നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പ്രധാനമന്ത്രിക്ക് കൈമാറി.
പ്രധാനമന്ത്രിയുടെ വസതിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ സംബന്ധിച്ചും ചർച്ചയായി. രാജ്യത്തു ക്രൈസ്തവർ നേരിടുന്ന വിവിധ പ്രശ്നങ്ങളും സംഘം പ്രധാനമന്ത്രിയെ അറിയിച്ചു.
സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും ഫരീദാബാദ് അതിരൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും സീറോ മലബാർ സഭയിലെ മറ്റ് ബിഷപ്പുമാരും കേന്ദ്രമന്ത്രി ജോർജ് കുര്യൻ, ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.
National
ന്യൂഡൽഹി: കത്തോലിക്ക ബിഷപ്പുമാരുടെ സംഘം ഇന്നു പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും ഫരീദാബാദ് അതിരൂപത ആർച്ച്ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും സീറോ മലബാർ സഭയിലെ മറ്റ് ബിഷപ്പുമാരുമാണ് ഇന്നു പ്രധാനമന്ത്രിയെ കാണുന്നത്. ഇന്ന് ഉച്ച കഴിഞ്ഞ് മൂന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ച.
ലെയോ പതിനാലാമൻ മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിക്കുന്ന കാര്യം പ്രധാനമന്ത്രിയോട് അഭ്യർഥിക്കും. രാജ്യത്തു ക്രൈസ്തവർ നേരിടുന്ന വിവിധ പ്രശ്നങ്ങളും സംഘം പ്രധാനമന്ത്രിയുമായി ചർച്ച നടത്തും.
പ്രധാനമന്ത്രിയുടെ വസതിയിലാണ് സീറോ മലബാർ ബിഷപ്പുമാരുടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്കു ശേഷം മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലും ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങരയും പ്രധാനമന്ത്രിയുടെ വസതിക്ക് പുറത്ത് മാധ്യമപ്രവർത്തകരെ കണ്ടേക്കും.
National
പാറ്റ്ന: ബിഹാര്‍ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ എന്‍ഡിഎ റിക്കാര്‍ഡ് ഭൂരിപക്ഷം നേടുമെന്നും സദ്ഭരണം തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സമസ്തിപുരിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആര്‍ജെഡിക്കും കോണ്‍ഗ്രസിനുമെതിരേ രൂക്ഷ വിമര്‍ശനമുന്നയിച്ച പ്രധാനമന്ത്രി, അഴിമതിക്കേസുകളില്‍പെട്ട് നേതാക്കള്‍ ജാമ്യത്തില്‍ നടക്കുകയാണെന്നും അഴിമതിക്കാരെ ബിഹാര്‍ പുറത്ത് നിര്‍ത്തുമെന്നും പറഞ്ഞു.
Kerala
ന്യൂഡൽഹി: സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രശ്നങ്ങൾ പ്രധാനമന്ത്രിയെ നേരിൽ കണ്ട് ശ്രദ്ധയിൽപ്പെടുത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധികൾ, മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, ദേശീയപാത വികസനം, എയിംസ് അനുവദിക്കൽ, കടമെടുപ്പ് പരിധി നിയന്ത്രണം ലഘൂകരിക്കൽ തുടങ്ങിയ വിഷയങ്ങളിൽ അടിയന്തരമായ ഇടപെടൽ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പ്രധാനമന്ത്രി ഉൾപ്പെടെ അഞ്ചു കേന്ദ്രമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
നാലു വിഷയങ്ങളാണ് പ്രധാനമായും ശ്രദ്ധയിൽപെടുത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് ദേശീയ ദുരന്തപ്രതികരണ നിധിയിൽ നിന്ന് 2221 കോടി രൂപ അനുവദിക്കണമെന്ന ആവശ്യമാണ് ആദ്യത്തേത്. ഇത് വായ്പയായി കണക്കാക്കരുതെന്നും അഭ്യർഥിച്ചു.
സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രയാസങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. കേന്ദ്രം കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ കൊണ്ടുവന്ന നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനും സാമ്പത്തിക പരിധിയിൽവരുത്തിയ വെട്ടിക്കുറവ് ഇല്ലാതാക്കുന്നതിനും പിന്തുണ ആവശ്യപ്പെട്ടു. ജിഎസ്ഡിപിയുടെ 0.5 ശതമാനം അധികമായി കടമെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
ദേശീയപാതക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്ന ചെലവിന്റെ 25 ശതമാനം സംസ്ഥാനം വഹിക്കണമെന്ന് തീരുമാനിച്ചതിന്റെ ഭാഗമായി നൽകിയ പണം മറ്റൊരു പരിഗണനയിൽ കടമെടുപ്പ് പരിധിയിൽ വെട്ടിക്കുറച്ചിരുന്നു. ഇത് ഇരട്ടപ്രഹരമാണുണ്ടാക്കിയത്. അതിനും പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു.
ദീർഘകാലമായി കേരളം ആവശ്യപ്പെടുന്ന എയിംസ് അനുവദിക്കണമെന്നും ഇതിനായി കോഴിക്കോട് കിനാലൂരിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ അതിവേഗ നഗരവത്കരണം കണക്കിലെടുത്ത്, ശാസ്ത്രീയ നഗരാസൂത്രണവും ആർക്കിടെക്ചറൽ ഗവേഷണവും ശക്തിപ്പെടുത്തുന്നതിനായി സംസ്ഥാനത്ത് ഒരു സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർക്കിടെക്ചർ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു.
നെല്ല് സംഭരണത്തിലെ കുടിശിക ഉടൻ അനുവദിക്കണമെന്നും അതിനായി എത്രയും വേഗം ഇടപെടൽ ഉണ്ടാകണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ അംഗീകരിക്കാമെന്ന് അമിത്ഷാ പറഞ്ഞുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയപാതാ വികസനത്തിന് കേരളം സ്വീകരിക്കുന്ന നടപടിയെ ഗതാഗതമന്ത്രി നിഥിൻ ഗഡ്കരി അഭിനന്ദിച്ചെന്നും അദ്ദേഹം പറഞ്ഞു.
Movies
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ സിനിമയാകുന്നു. ഉണ്ണി മുകുന്ദനാണ് ചിത്രത്തിലെ നായകൻ. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, ഗുജറാത്തി ഉൾപ്പടെ ഏഴ് ഭാഷകളിൽ റിലീസ് ചെയ്യുന്ന ഈ പാൻ ഇന്ത്യൻ ചിത്രം നിർമിക്കുന്നത് സിൽവർ കാസ്റ്റ് ക്രിയേഷൻസിന്റെ ബാനറിൽ വീർ റെഡ്ഡി എം. ആണ്. മാ വന്ദേ എന്നാണ് ചിത്രത്തിന്റെ പേര്.
നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് സിൽവർ കാസ്റ്റ് ക്രിയേഷൻസ് ഈ ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ക്രാന്തി കുമാർ സി.എച്ച്. ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. യഥാർഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ ചിത്രം മോദിയുടെ ബാല്യകാലം മുതൽ രാഷ്ട്രനേതാവാകുന്നതിലേക്കുള്ളപ്രചോദനാത്മകമായ ഉയർച്ചയെ പ്രേക്ഷകരുടെ മുന്നിൽ അവതരിപ്പിക്കുന്നു.
National
ന്യൂഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓണം കേരളത്തിന്റെ കാലാതീതമായ പൈതൃകത്തെയും സമ്പന്നമായ പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
മനോഹരമായ ഉത്സവം നവോന്മേഷവും ആരോഗ്യവും സമൃദ്ധിയും കൊണ്ടുവരട്ടെ. ഐക്യത്തിന്റെയും പ്രത്യാശയുടെയും സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകമാണ് ഓണം. ഓണാഘോഷം ഐക്യവും പ്രകൃതിയുമായുള്ള ബന്ധവും ശക്തിപ്പെടുത്തട്ടെ എന്നും പ്രധാനമന്ത്രി ഓണാശംസയില്‍ അറിയിച്ചു.
National
ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ തീരുവ ഭീഷണികൾക്ക് മറുപടിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. തങ്ങളുടെ കർഷകരുടെ താത്പര്യമാണ് മുൻഗണനയെന്നും ഇന്ത്യ ഒരിക്കലും കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ക്ഷീരകർഷകരുടെയും താത്പര്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിന് നമ്മൾ വലിയ വില നൽകേണ്ടിവരുമെന്ന് തനിക്കറിയാം, താൻ അതിന് തയാറാണ്, ഇന്ത്യ അതിന് തയാറാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. അതേസമയം, യുഎസിന്റെയും ട്രംപിന്റെയോ പേരെടുത്തു പറയാതെയായിരുന്നു മോദിയുടെ പ്രസ്താവന.
അന്തരിച്ച പ്രശസ്ത കാർഷിക ശാസ്ത്രജ്ഞൻ എം.എസ്. സ്വാമിനാഥന്റെ ജന്മശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി ഡൽഹിയിൽ നടക്കുന്ന ത്രിദിന ആഗോള സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.